India Kerala

നിലയ്ക്കലിലെ പരിശോധന ശക്തമാക്കി

തൃപ്തി ദേശായി വീണ്ടും ശബരിമല കയറാന്‍ കേരളത്തിലേക്ക് വന്നതോടെയാണ് നിലയ്ക്കലില്‍ പരിശോധന വീണ്ടും ശക്തമാക്കിയത്. ഈ സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന നിലപാട് എടുത്തതോടെ യുവതികളെ തടയാനുള്ള ദൌത്യം ഇത്തവണ പൊലീസ് ഏറ്റെടുക്കുകയായിരുന്നു. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം യുവതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് നടത്തുന്നുണ്ട്. യുവതികള്‍ ഉണ്ടെങ്കില്‍ അവരെ പിന്തിരിപ്പിച്ച് വടുന്ന ജോലികളാണ് ഇവിടെ നടക്കുന്നത്. ഇതിനായി വനിത പൊലീസുമുണ്ട്.

അറിയാതെ എത്തുന്ന സ്ത്രീകളും യുവതികളും നിലയ്ക്കലില്‍ നിന്നും തിരികെ പോകുന്നുണ്ട്. പമ്പ വരെ പോകണമെന്ന് പറയുന്നവരെ പൊലീസ് സുരക്ഷയില്‍ അവിടെ എത്തിച്ച് തിരികെ കൊണ്ടുവരും. യുവതികളെ മാത്രമല്ല, തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത സ്ത്രീകളെയെല്ലാം തന്നെ തിരിച്ചയക്കുന്നുണ്ട്. കേരളത്തിന് പുറത്ത് നിന്നുള്ള സ്ത്രീകളാണ് കൂടുതലും എത്തുന്നത്.

മല കയറാന്‍ എത്തുന്ന യുവതികളെ ഒരു തരത്തിലും നിലയ്ക്കലിലേക്കും പമ്പയിലേക്കും എത്തിക്കാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് നിലയ്ക്കലില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്.

മണ്ഡലകാലം ആരംഭിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് പമ്പയിലേക്ക് വിട്ടിരുന്നത്. എന്നാല്‍ കോടതി വിധി വന്നതോടെ ചെറുവാഹനങ്ങള്‍ കൂടി കടത്തി വിടുന്നുണ്ട്. ആയതുകൊണ്ട് തന്നെ കര്‍ശന പരിശോധനയാണ് നടക്കുന്നത്. തൃപ്തി ദേശായി അടക്കമുള്ളവര്‍ ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സുരക്ഷ വീണ്ടും വര്‍ദ്ധിപ്പിച്ചേക്കും.