Kerala

കാലിക്കറ്റ് സർവകലാശാലയിലെ നിയമന വിവാദങ്ങൾ നിയമ പോരാട്ടത്തിലേക്ക്

കാലിക്കറ്റ് സർവകലാശാലയിലെ നിയമന വിവാദങ്ങൾ നിയമ പോരാട്ടത്തിലേക്ക്. ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത സംവരണ റോസ്റ്റർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് മെമ്പർ റഷീദ് അഹമ്മദാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഭിന്നശേഷി വിഭാഗക്കാരുടെ സംവരണക്രമം അട്ടിമറിച്ചു എന്ന് കാട്ടി ചാൻസലർ കൂടിയായ ഗവർണ്ണർക്കും റഷീദ് അഹമ്മദ് പരാതി നൽകി.

വിവിധ സംവരണ വിഭാഗങ്ങളുടെ ക്രമനമ്പർ ഏതൊക്കെയാണെന്ന് നിയമന വിജ്ഞാപനത്തിന് മുന്നേ വ്യക്തമാക്കണമെന്നാണ് ചട്ടം. എന്നാൽ കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണ തസ്തികകൾ ഏതെന്ന് വ്യക്തമാക്കാതെയാണ് അസിസ്റ്റന്‍റ് പ്രൊഫസർ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ വ്യാപക എതിർപ്പ് ഉയരുകയും, സംഭവം വിവാദമാവുകയും ചെയ്തിരുന്നു. സംവരണ ക്രമം നിശ്ചയിക്കുന്ന സംവരണ റോസ്റ്റർ ഇതുവരെ പുറത്തുവിടാത്ത സർവകലാശാലക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിൻഡിക്കേറ്റ് മെമ്പർ റഷീദ് അഹമ്മദ്. കോടതി ഇടപെട്ട് ഇത് ലഭ്യമാക്കണമെന്നാണ്, ആവശ്യം.

ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ സംവരണം സംബന്ധിച്ച വിശദാംശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ വ്യക്തമാക്കണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, സിൻഡിക്കറ്റ് പാസാക്കിയ സംവരണ റോസ്റ്റർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും സിൻഡിക്കേറ്റ് മെമ്പർ റഷീദ് അഹമ്മദ് ആരോപിക്കുന്നു. നേരത്തെ ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് നിശ്ചയിച്ച സംവരണ റോസ്റ്ററിലും കൃത്രിമം നടത്തിയെന്ന് കാട്ടി യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്കും സിൻഡിക്കേറ്റ് മെമ്പർ പരാതി നൽകി.