Kerala

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷവാദം ശരിവയ്ക്കുന്നതെന്ന് ചെന്നിത്തല

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷവാദം പൂര്‍ണമായും ശരിവയ്ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രളയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. 483 പേരുടെ മരണത്തിനും നാശനഷ്ടങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രളയ മുന്നൊരുക്കത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നതാണ് സിഎജി റിപ്പോര്‍ട്ട്. 2018 ലെ പ്രളയ സമയത്ത് ഇടമലയാര്‍ റിസര്‍വോയറിമ് റൂള്‍ കര്‍വ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഫ്‌ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തല്‍സമയ ഡേറ്റ ലഭിക്കാന്‍ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സര്‍ക്കാര്‍ ഓഫിസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും സിഎജി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.റിപ്പോര്‍ട്ടിലെ രണ്ട് പരാമര്‍ശങ്ങളും പ്രതിപക്ഷം ഉന്നയിച്ചതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സിഎജിയോട് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.