Kerala

‘സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെ; പിന്തുണച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല, അങ്ങനെ അപമാനിക്കുന്നയാളല്ല സുധാകരനെന്നും ചെന്നിത്തല പറഞ്ഞു.

തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല, താന്‍ നടത്തിയത് ഒരു പൊതുപ്രസ്താവനയാണ്, വിവാദം അവസാനിപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബന്ധു നിയമനങ്ങളാണ് സിപിഎം നടത്തുന്നത്, പാര്‍ട്ടി എം.എല്‍.എമാരുടെയും എംപിമാരുടെയും ഭാര്യമാരെ അനധികൃതമായി നിയമിക്കുകയാണെന്നും ഇതു പോലെ ഗതികെട്ട കാലമുണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയെക്കുറിച്ച് ‘ചെത്തുകാരന്റെ മകന്‍’ എന്ന് കെ. സുധാകരന്‍ പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ജാതിവെറിയല്ലെന്നും പ്രതിപക്ഷനേതാവ് എന്തിന് തന്നെ തള്ളിപ്പറഞ്ഞെന്ന് അറിയില്ലെന്നും വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ. സുധാകരന്‍ എം.പിയും പ്രതികരിച്ചിരുന്നു. തുടർന്നാണ് ചെന്നിത്തലയുടെ വിശദീകരണം.