Kerala

കണ്ണൂരിലെ ട്രെയിൻ തീപിടുത്തം: റെയിൽവേയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ല; അട്ടിമറി സാധ്യതകൾ തള്ളാനാകില്ലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ

കണ്ണൂരിൽ ട്രെയിൻ കംപാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ റയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയിലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ട്വന്റി ഫോറിനോട്. എല്ലാ സുരക്ഷാ നടപടികളും റെയിൽവേ പൂർത്തിയാക്കിയിരുന്നു. റെയിൽവേയുടെ ഭാഗത്ത് ഒരു രീതിയിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ യഷ്പാൽ സിംഗ് ടോമാർ വ്യക്തമാക്കി. 

തീപിടുത്തം ഉണ്ടായതിൽ അട്ടിമറി സാധ്യകൾ തള്ളാനാകില്ല എന്ന് പറഞ്ഞ യഷ്പാൽ സിംഗ് ടോമാർ ഒരു സാധ്യതയും റെയിൽവേ തള്ളൂന്നില്ല എന്ന് വ്യക്തമാക്കി. എലത്തൂർ വിഷയവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ല. റെയിൽവേ വളരെ ഗൗരവത്തിലാണ് വിഷയം കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, കണ്ണൂരിൽ ട്രയിൻ കോച്ച് കത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്. അക്രമിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. പ്രതിയെ സംബന്ധിച്ച് വ്യക്തമായ ചിത്രം പൊലീസിന് ഉണ്ടെന്ന് ഉന്നത അധികാരികൾ വ്യക്തമാക്കി. അവ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ ഉള്ള വ്യക്തിയാണ് ഇതെന്ന് പോലീസ് വൃത്തങ്ങൾ സംശയിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തും വിരൽ അടയാള പരിശോധന നടത്തിയ ശേഷം കൂടുതൽ നീക്കങ്ങളിലേക്ക് പോകാനാണ് പോലീസിന്റെ തീരുമാനം.