India Kerala

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് ലോങ് മാര്‍ച്ച് ആരംഭിച്ചു

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി.യുടെ നേതൃത്വത്തില്‍ കോൺഗ്രസ് സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ച് ആരംഭിച്ചു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ റാലികളുടെ ഭാഗമായാണ് വയനാട്ടിലും റാലി നടത്തുന്നത്. പൗരത്വഭേദഗതി നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫിന്‍റെ മനുഷ്യഭൂപടവും ഇന്നുണ്ടായവും. മനുഷ്യഭൂപടത്തില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും.

വൈകീട്ട് നാല് മണിക്ക് ട്രയല്‍ കഴിഞ്ഞ ശേഷം അഞ്ച് മണിക്കാണ് ഭൂപടത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരത്ത് എ.കെ. ആന്‍റണിയും കൊല്ലത്ത് വി.എം. സുധീരനും നേതൃത്വം നല്‍കും. മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയുമാകും നേതൃത്വം വഹിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരില്‍ നേതൃത്വം നല്‍കും.

രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം റോഡുമാര്‍ഗമാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്. രാഹുലിന്‍റെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ വാഹനങ്ങള്‍ ബൈപ്പാസ് വഴി മാത്രമേ കടത്തിവിടുകയുള്ളൂ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ റാലികളുടെ ഭാഗമായാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ റാലി സംഘടിപ്പിക്കുന്നത്.