Kerala

”ആ കടല്‍ അനുഭവം ശരിക്കും കണ്ണ് തുറപ്പിച്ചു”

കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം വല വീശിയും കടലിൽ ചാടിയും ചെലവഴിച്ച ദിനം അഭിമാനകരവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നെന്ന് രാഹുൽ ​ഗാന്ധി. രാജ്യത്തിനായി ദിവസവും മത്സ്യത്തൊഴിലാളികൾ ചെയ്തുതീർക്കുന്നത് കഠിന പ്രയത്നമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കേരളത്തിലെ മത്സത്തൊഴിലാളികൾക്കൊപ്പമുള്ള തന്റെ ശ്രദ്ധ പിടിച്ചു പറ്റിയ വീഡ‍ിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു രാഹുൽ.

ഒരു മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധി കടലില്‍ സമയം ചെലവഴിച്ചത്. കടലിൽ ചെന്ന് വല വിരിച്ചപ്പോൾ കുറച്ച് മത്സ്യം മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചുള്ളു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിയാന്‍ അതുകൊണ്ട് സാധിച്ചതായും രാഹുൽ പിന്നീട് നാട്ടുകാരോട് പറയുകയുണ്ടായി.

മത്സ്യത്തൊഴിലാളികള്‍ രാജ്യത്തിന്‍റെ അഭിമാനമാണ്. എന്നാല്‍ അവരാരും തന്നെ തങ്ങളുടെ മക്കളെ കടലില്‍ പറഞ്ഞുവിടാൻ ആഗ്രഹിക്കുന്നവരല്ല. അത്രയും കഷ്ടപ്പാടാണ് അവരുടെ ജീവിതമെന്ന് മനസ്സിലായതായും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇൻഷുറൻസ് പോലുമില്ലാതെയാണ് പലരും കടലിൽ പോയി വരുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചും വലവിരിച്ചും സമയം ചെലവഴിച്ച രാഹുൽ, മത്സ്യത്തൊഴിലാളികളുടെ കുടുംബം, വരുമാനം, പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.