പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയ്‌ക്കെതിരെ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രംഗത്ത്. അർഹരായ പലരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്
വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഓഗസ്റ്റ്10നു ശേഷമുള്ള അപേക്ഷകരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുനപ്രസിദ്ധീകരിക്കണമെന്നാണ് ചാണ്ടി ഉമ്മന്റെ ആവശ്യം.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന അവധി ദിവസങ്ങൾ കണക്കിലെടുത്ത് പരമാവധി വോട്ടർമാരിലേക്ക് ഓടിയെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. ആദ്യഘട്ട പ്രചരണത്തിൽ മുൻതൂക്കം അവകാശപ്പെടുന്ന യു ഡി എഫ് ഇന്ന് മുതൽ വാഹന പര്യടനവും ആരംഭിച്ചു. പാമ്പാടിയിലെ പത്താഴക്കുഴിയിൽ നിന്നാണ് ചാണ്ടി ഉമ്മന്റെ പര്യടനം തുടങ്ങിയത്. ഉമ്മൻചാണ്ടിയുടെ പ്രചരണവും ഇവിടെ നിന്നാണ് ആരംഭിച്ചിരുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് യുഡിഎഫ് ക്യാമ്പ്.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പ്രചരണത്തിലാണ് ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. മുഖ്യമന്ത്രി കൂടി ലാൻഡ് ചെയ്യുന്നതോടെ ഇടതു പ്രചരണം അടുത്തഘട്ടത്തിലേക്ക് കടക്കും. ഇപ്പോഴും ഭവന സന്ദർശനങ്ങളിലാണ് എൻഡിഎ ക്യാമ്പ്. മണ്ഡലത്തിലെ മണ്ണ് ബിജെപിക്ക് അനുകൂലമെന്ന് സ്ഥാനാർത്ഥി ലിജിൻ ലാൽ പ്രതികരിച്ചു.
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി ഉയർന്നു. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. 11 വർഷമായി ഇവിടെ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.
ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് ഇവർ പറയുന്നത്. അദ്ദേഹം ചെയ്ത സഹായങ്ങൾ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തത്. തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തു. തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്.