Kerala

പിഎസ്ഇ റാങ്ക് പട്ടികയിൽ മാറ്റം; ഒഴിവുകൾക്ക് ആനുപാതികമായി പട്ടിക ചുരുക്കിയേക്കും

പിഎസ്ഇ റാങ്ക് പട്ടിക തയ്യാറാകുന്ന രീതിയിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. റാങ്ക് പട്ടിക ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടില്ല. എന്നാൽ ഉദ്യോഗാർത്ഥികൾ പലരും ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വിധേയരാകുന്നുവെന്ന് വ്യക്തമായതാണെന്നും അതിനാലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും നിയമസഭയിൽ എച്ച് സലാമിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ, ഉദ്യോഗാർത്ഥികൾക്ക് അനാവശ്യ പ്രതീക്ഷ നൽകുന്ന സ്ഥിതിയുണ്ടാവില്ല. ജസ്റ്റിസ് ദിനേശൻ കമ്മിഷന്‍റെ ശുപാർശ അനുസരിച്ചാകും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുക. ഒഴിവുകളേക്കാൾ വളരെയധികം പേരെ പട്ടികയിൽ പെടുത്തുന്നത് അനഭലഷണീയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിരമിക്കൽ തീയതി പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്നും അറിയിച്ചു.