Kerala

യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലിന്‍റെ കണക്കെടുക്കും; നിയമന വിവാദം പ്രതിരോധിക്കാൻ സർക്കാർ

നിയമന വിവാദത്തിൽ പ്രതിരോധം തീർക്കാനൊരുങ്ങി സർക്കാർ. യുഡിഎഫ് സർക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് അടിയന്തരമായി ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. വകുപ്പ് സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയത്. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.

പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുകയാണ്. പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരോട് സർക്കാറിന് പുച്ഛമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിര്‍ശിച്ചു. മോദിക്കും ഐസക്കിനും ഒരേ ഭാഷയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികൾ എന്തിനാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. എന്നാല്‍ സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഉദ്യോഗാർഥികള്‍ നടത്തുന്ന സമരാണെന്നും ഉദ്യോഗാർഥിയായ റിജു പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരിക്കാൻ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. മന്ത്രിമാരെയും എംഎൽഎമാരെയും സമീപിച്ച ശേഷമാണ് സമരം ആരംഭിച്ചതെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.