Kerala

കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കും പ്രോക്സി വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വിവാദത്തിലേക്ക്

കോവിഡ് രോഗികള്‍ക്ക് വോട്ടവകാശം നിര്‍വ്വഹിക്കാന്‍ മറ്റെന്ത് മാര്‍ഗ്ഗമാണെന്ന ചോദ്യമാണ് കമ്മീഷന്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്.

കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കും പ്രോക്സി വോട്ട് ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വിവാദത്തിലേക്ക്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പ്രോക്സി വോട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഭരണമുന്നണിയിലെ കക്ഷികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കോവിഡ് രോഗികള്‍ക്ക് വോട്ടവകാശം നിര്‍വ്വഹിക്കാന്‍ മറ്റെന്ത് മാര്‍ഗ്ഗമാണെന്ന ചോദ്യമാണ് കമ്മീഷന്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്.

കോവിഡ് രോഗികള്‍, ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് പ്രോക്സി വോട്ട് അനുവദിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിനായി പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി ആക്ടുകളില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ സര്‍ക്കാരിന് കത്തും നല്‍കി.

എന്നാല്‍ പ്രോക്സി വോട്ട് നടപ്പാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേട് ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പ്രോക്സി തീരുമാനത്തില്‍ നിന്ന് കമ്മീഷന്‍ പിന്നോട്ട് പോകണമെന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷണറെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിപിഎം-സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രോക്സി വോട്ട് എന്ന ആശയത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമെന്നാണ് സൂചന.

അതേസമയം കോവി‍ഡ് രോഗിക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും അവരുടെ ജനാധിപത്യ അവകാശം നിര്‍വ്വഹിക്കാന്‍ മറ്റെന്ത് മാര്‍ഗ്ഗമാണെന്ന ചോദ്യമാണ് കമ്മീഷന്‍ വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. പോസ്റ്റല്‍, പ്രോക്സി വോട്ടുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമാണോ അനൂകൂലമായി വരുന്നത്? പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയിലെ ആള്‍ക്കാര്‍ക്ക് മാത്രമായി കോവിഡ് വരുമോ? തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.