India Kerala

കേസ് അട്ടിമറിക്ക് പിന്നിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കറുത്ത കരങ്ങൾ; വാളയാര്‍ വിഷയത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടത് എന്ന് പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാളയാർ കേസ് അട്ടിമറിക്ക് പിന്നിൽ സി.പി.എം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിഷേധിച്ചു. സി.ഡബ്ലു.സിയെ സി.പി.എമ്മിന്റെ പോഷക സംഘടന ആക്കി മാറ്റിയെന്നും പ്രതിപക്ഷം ആരോപിച്ചു.

കേസ് അട്ടിമറിച്ചതിന് പിന്നിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കൈകളാണെന്നും മുഖ്യമന്ത്രിയുടെ വാക്കിന് എന്തു വിലയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്ത്രീ പീഡന കേസുകൾ ആവിയാവണമെങ്കിൽ പൂങ്കുഴലി അന്വേഷിക്കണം. വടക്കാഞ്ചേരി പീഡനക്കേസും അന്വേഷിച്ചത് പൂങ്കുഴലിയാണെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ആദ്യത്തെ കേസിൽ നടപടി എടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം സംഭവിക്കില്ലായിരുന്നു. രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് പൊലീസും ഉത്തരവാദികള്‍ ആത്മഹത്യയെന്ന് വരുത്താൻ പൊലീസിന് വ്യഗ്രതയായിരുന്നു. കുട്ടികളെ കൊലപ്പടുത്തിയവർ പുറത്തിങ്ങി നടക്കുന്ന സാഹചര്യമുണ്ടാക്കിയ ശേഷം ശക്തമായ നടപടി എന്ന് പറയുന്നതായും ഷാഫി ചൂണ്ടിക്കാട്ടി.

കേസില്‍ പുനരന്വേഷണമാണോ സി.ബി.ഐ അന്വേഷണമാണോ ഉചിതമെന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.