Kerala

അനന്യ കുമാരിയുടെ മരണം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ

ട്രാൻസ് യുവതി അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അർജുൻ അശോകൻ ജോലി ചെയ്യുന്ന റെനെ മെഡിസിറ്റിയ്ക്ക് മുന്നിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ഒരുമിച്ച് ചേരാനാണ് അഞ്ജലിയുടെ ആഹ്വാനം. അനന്യയുടെ മെഡിക്കൽ റെക്കോർഡുകൾ ആശുപത്രി ഇതുവരെ വിട്ടുനൽകിയിട്ടില്ലെന്നും അവർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ( protest ananya anjali ameer )

അഞ്ജലി അമീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

അനന്യയുടെ ദുരൂഹമരണത്തിൽ ഗുരുതരമായ മെഡിക്കൽ അലംഭാവം റെനൈ മെഡിസിറ്റി യുടെ ഭാഗത്തു നിന്നും സർജറി നടത്തിയ Dr. അർജുൻ അശോകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി വ്യക്തമാണ്. ഈ സാഹചര്യത്തിൽ അർജുൻ ഡോക്ടർക്കു എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടും അനന്യയുടെ മെഡിക്കൽ റെക്കോർഡ്സ് വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചു കൊണ്ടും അനന്യക്കു നീതി ലഭ്യമാക്കുവാൻ ഒരുമിച്ചു നാം പോരാടേണ്ടതുണ്ട്. അനന്യയുടെ രക്തസാക്ഷിത്വം നാം ഓരോരുത്തർക്കും വേണ്ടിയാണു എന്നോർത്തു കൊണ്ടു ഇന്ന് വൈകുന്നേരം 4 മണിക്ക് റെനൈ മെഡിസിറ്റി ക്ക് മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു നമുക്ക് പ്രതിഷേധിക്കാം. അനന്യ യെ സ്നേഹിക്കുന്ന നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, അനന്യ കുമാരിയുടെ മരണത്തിൽ അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇതുസംബന്ധിച്ച് ട്രാൻസ്‌ജെൻഡർ സംഘടനയും പരാതി നൽകിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.