Kerala

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് സഹോദരനെന്ന മൊഴി മാറ്റി പ്രശാന്ത്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ വിളപ്പില്‍ശാല സ്വദേശി പ്രശാന്ത് മൊഴിമാറ്റി. ആശ്രമം കത്തിച്ചത് സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണെന്ന മൊഴിയാണ് ഇയാള്‍ മാറ്റിയത്. ആശ്രമം കത്തിച്ച കാര്യം തന്റെ സഹോദരന്‍ പ്രകാശ് ആത്മഹത്യ ചെയ്യും മുന്‍പ് പറഞ്ഞിരുന്നുവെന്നായിരുന്നു മുന്‍പ് പ്രശാന്തിന്റെ മൊഴി. അഡീഷണല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴിനല്‍കിയിരുന്നത്. പ്രശാന്തിന്റെ മൊഴിയെ തുടര്‍ന്നായിരുന്നു കേസന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയത്. 

നാലുവര്‍ഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ തന്റെ സഹോദരനാണ് ആക്രമണത്തിന് പിന്നിലെന്ന് വിളപ്പില്‍ശാല സ്വദേശി പ്രശാന്ത് മൊഴി നല്‍കിയത്.

2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
കത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു.