Cultural Kerala Pravasi Switzerland

സ്വിറ്റസർലണ്ടിൽ നിന്നും മാളക്കാരൻ വർഗീസ് എടാട്ടുകാരൻ തൃശൂർ പൂരത്തിന്റെ അനുസ്മരണങ്ങളുമായി ..

പൂരം – എന്റെ പൂരം !

അമിട്ടാ പൊട്ടി – മേപ്പോട്ടാ പോയി … ന്ദൂട്ടാടാ ശവ്യ… താ – ങ്ങടെ തൃശൂര് – അറിയോടാ , പരക്കിഴി!!!
20 ആം വയസ്സിൽ ഗൾഫിലേക്ക്കും പിന്നെ യൂറോപ്പിലേക്കും കൂട് മാറിയെങ്കിലും മനവും നിനവും നിറയെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ ഓർമയുമായാണ് ജീവിച്ചത് !

കൂട്ടുകാരായ അക്ഷര നഗരി കോട്ടയം അച്ചായന്മാർ ദേശത്തിന്റെ വീമ്പു പറയുമ്പോൾ – ഒരൊറ്റ പേര് പറഞ്ഞാണ് ഞങ്ങൾ അതിനെ നിഷ്പ്രഭമാക്കിയത് … അത് മറ്റൊന്നുമല്ല – പൂരം ; പൂരങ്ങളുടെ പൂരം / സാക്ഷാൽ തൃശ്ശൂർ പൂരം … ഹൈ സ്കൂൾ മുതലേ വർഷവും പൂരം കാണുമായിരുന്നു … ബന്ധു – ജീവിതത്തിൽ ഏറെ സ്പര്ശിച്ചിട്ടുള്ള ഞങ്ങളുടെ അന്നംക്കുട്ടി അമ്മായി യുടെ വീട് പൂര നഗിരിയുടെ തൊട്ടപ്പുറത്തായതിനാൽ ഭക്ഷണവും താമസവുമൊക്കെ ഈസി … അതാകാം പൂരം മുടങ്ങാതെ കാണാൻ പ്രേരക ശക്തിയായത് . മാളയിൽ നിന്നും ഒരു പട തന്നെ യുണ്ടാകും പൂരം കാണാൻ – ആശാൻ ആയ വര്ഗീസ് ചേട്ടൻ, ചേട്ടൻ പൗലോസ്, അന്തു, ജോസ് , ഷിബു, പോളി, അങ്ങനെ ഒരു വാനര പട തന്നെ … സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശ്ശൂര്‍ പൂരം തൊട്ടറിയാൻ തുടങ്ങി !

പൂരത്തിലെ പ്രധാ‍ന പങ്കാളികള്‍, നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമ്മേക്കാവും തിരുവമ്പാടിയും എന്റെ അടുത്ത ചങ്ങായിമാരായി … പൂരം വിശേഷങ്ങൾ കാലത്തേ തുടങ്ങും ! കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങള്‍ ഓരോന്നായി വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് ‍ പ്രവേശിക്കും. ചെമ്പൂക്കാവ് ( അമ്മായിയുടെ വീട് ഇവിടെയാണ് ) കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നിവയാണ് അവ. 3 ആനകള്‍ ഓറോഎഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതില്‍ കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പോട യാണ് പൂരം ആരംഭിക്കുന്നത് തന്നെ…ഇതോടൊപ്പം തിരുവമ്പാടിയുടെ മഠത്തിൽ വരവായ് .

Varghees Edattukaran

പത്തര കഴിയുമ്പോഴേക്കും പഞ്ചവാദ്യമാണ് … 12 മണിയോടെ പാറമ്മേക്കാവിന്റെ ഊഴമാണ് … തിരക്കിനിടയിൽ എത്ര ആനകളുടെന്ന് എണ്ണുവാൻ പ്രയാസമാണെങ്കിലും 15 വരെ ഞാൻ എണ്ണിയിട്ടുണ്ട് …പാണ്ടി മേളത്തിന്റെ പിരിമുറുക്കം ഇന്നും ചെവിയിലുണ്ട് … പിന്നെ എക്സിബിഷൻ ഗ്രൗണ്ടിൽ ഒരു ഓട്ട പ്രദിക്ഷണം …പിന്നെയാണ് പൂരത്തിന്റെ തിലക കുറിയായി ഇലഞ്ഞിതറ മേളം …ഇരുന്നോറോളം കലാകാരന്മാരുടെ വാദ്യപ്രപഞ്ചം ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ വാദ്യ വിസ്മയമെന്നാണ് എന്റെ വിശ്വസം …ഇരുന്നോറോളം കലാകാരന്മാരുടെ വാദ്യ മേളം ആയിരങ്ങളുടെ മനം കവരുന്ന അപൂർവ്വ നിമിഷങ്ങൾ … മേളം കൊട്ടിത്തീരുന്നതോടേ പാറമേക്കാവും തിരുവമ്പാടിയും വടക്കുന്നാഥനെ വലം വെച്ച് തെക്കേ ഗോപുര നടയിലൂടെ പ്രസിദ്ധമായ തെക്കോട്ടിറക്കം നടത്തുന്നത്.

തെക്കോ‍ട്ടിറക്കത്തിനു ശേഷം പാറമ്മേക്കാവിന്റെ തിടമ്പേറ്റിയ ആന രാജാവിന്റെ പ്രതിമയെ വണങ്ങി തിരിച്ചെത്തി മറ്റു ആനകളോടൊപ്പം വടക്കുന്നാഥനു അഭിമുഖമായി നിലയുറപ്പിക്കുന്നു. വടക്കുന്നാഥനെ സാക്ഷിയാക്കിയുള്ള ഈ മുഖാമുഖത്തോടെയാണ് പ്രസിദ്ധമായ കുടമാറ്റം നടക്കുന്നത്.ഭാരതത്തിന്റെ സാസ്കാരിക പൊലിമയുടെ മുഖമായി മാറിയ കുടമാറ്റം എന്റെ ദേശത്താണെന്ന അഭിമാനമാണെനിക്ക് … ഓരോ വർണ്ണ കുടകൾ വിരിയുമ്പോഴും പൂരപ്രേമികളിൽ ഉത്സവ്ത്തിന്റെ ആവേശം നിറയ്ക്കുന്നു.ഇതു കഴിഞ്ഞാണ് അല്പം വിശ്രമം …

ബ്രഹ്മമുഹൂര്‍ത്തത്തില്‍ പാറമ്മേക്കാവ് ഭഗവതി മണികണ്ഠനാലിലെ പന്തലിലും തിരുവമ്പാടി ഭഗവതി നായ്ക്കനാലിലും നിലയുറപ്പിക്കുന്നതോടെ പ്രസിദ്ധമായ പൂരം വെടിക്കെട്ട് ആരംഭിക്കുകയായി.പിറ്റേന്ന് ഉച്ചയോടെ തിരുവമ്പാടി-പാറമ്മേക്കാവ് ഭഗവതിമാര്‍ ഉപചാരം ചെല്ലി പിരിയുന്നതോടെ പൂരത്തിന് വിരാമമായി…. പിന്നെ അമ്മായി തന്ന പോക്കറ്റ്‌ മണിയിൽ ബാക്കിയുള്ള തിൽ നിന്നും രാഗത്തിൽ 70 mm ഇൽ ഒരു സിനിമയും കണ്ടേ മാളയിലേക്ക് മടങ്ങൂ …

ഇന്ന് ആനകളില്ലാത്ത – അമ്പാരിയില്ലാത്ത – വെടിക്കെട്ടില്ലാത്ത എന്നാൽ പ്രകൃതി രമണീയത വേണ്ടുവോളമുള്ള സ്വിറ്റസർലണ്ടിലാണെങ്കിലും … നാടിൻറെ – മണവും സൗദര്യവും പൂരാവേശം പോലെ അണയാത്ത ഓർമകളായി മനസിലുണ്ട് – അഭിമാനമാണെനിക് – മാള കാരനായ തൃശ്ശൂകാരനായതിൽ … പിന്നെ ഒരു പൂര പ്രേമിഎന്നതിലും !!!മാളയിലെ അമ്പു പെരുന്നാൾ മാളയിലെ എല്ലാ മതങ്ങളുടെയും സാസ്കാരിക കുട്ടായ്മയെന്ന പോലെ എന്റെ പൂരം തൃശ്ശൂർ പൂരം – എന്റെ നാടിൻറെ മത സൗഹാര്ധത്തിന്റെ മഹത്തായ കുട്ടായ്മയാണെന്നതിലും ഞാൻ അഭിമാനിക്കുന്നു ….റമദാൻ പുണ്യ മാസത്തിൽ ദുബായിലെ 12 നോമ്പിന്റെ അനുഭവങ്ങളും ഈ മഹത്തായ ആശയമാണ് എന്നെ പഠിപ്പിച്ചത് … (ഇത്തവണ എല്ലാവരും മിനി സ്‌ക്രീനിൽ മാത്രം ഈ സാസ്കാരിക വിസ്മയം കാണണമെന്ന അഭ്യർത്ഥനയും കൂടെ അറിയിക്കുന്നു …

സസ്നേഹം
വര്ഗീസ് എടാട്ടുകാരൻ .

അനുസ്മരണ കഥാകൃത്തിനും, തൃശൂർ നിവാസികൾക്കും ,കേരളക്കരക്കും ,പൂര സ്മരണകൾ നെഞ്ചിലേറ്റിയ എല്ലാ പ്രവാസികൾക്കും പൂരത്തിന്റെ ആശംസകൾ ..

എഡിറ്റോറിയൽ ബോർഡ്
മലയാളീസ്.സി എച്