India Kerala

അഭ്യാസങ്ങള്‍ തന്നോട് വേണ്ടെന്ന് ജോസഫ്; കത്തെഴുതിയത് യു.ഡി.എഫ് നിര്‍ദേശപ്രകാരമെന്ന് ജോസ് കെ. മാണി

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ. മാണി പി.ജെ ജോസഫിന് നല്‍കിയ കത്തിനെ ചൊല്ലിയും കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യു.ഡി.എഫിനെ തെറ്റിദ്ധരിപ്പിക്കാനുള്ള അഭ്യാസം നടക്കില്ലെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. എന്നാല്‍ യു.ഡി.എഫ് നിർദേശ പ്രകാരമാണ് കത്തയച്ചതെന്നായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്.

രണ്ടില ചിഹ്നം ജോസ് ടോമിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് മുന്‍കൈയെടുത്ത പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരോട് പി.ജെ ജോസഫ് ആവശ്യപ്പെട്ടത് ഒന്ന് മാത്രം. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാന്‍ എന്ന് തന്നെ അഭിസംബോധന ചെയ്യുന്ന കത്ത് ജോസ് കെ. മാണി രണ്ടില ചിഹ്നം ആവശ്യപ്പെട്ട് തനിക്ക് നല്‍കണം. പക്ഷേ ജോസ് കെ. മാണി നല്‍കിയ കത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ എന്ന് മാത്രമാണ് പി.ജെ ജോസഫിനെ വിശേഷിപ്പിക്കുന്നത്. ഇതാണ് ജോസഫിനെ ക്ഷുഭിതനാക്കിയത്. തുടര്‍ന്നാണ് ജോസ് കെ. മാണിയുടെ അഭ്യാസം തന്നോട് നടക്കില്ലെന്ന് പി.ജെ ജോസഫ് തുറന്നടിച്ചത്.

കത്ത് വൈകി നല്‍കിയതിലടക്കുള്ള ജോസ് കെ. മാണിയുടെ നീക്കങ്ങളിലെ അതൃപ്തിയും യു.ഡി.എഫ് നേതാക്കളെ പി.ജെ ജോസഫ് അറിയിച്ചു. എന്നാല്‍ തന്റെ കത്ത് യു.ഡി.എഫ് നിർദേശ പ്രകാരമുള്ളതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ. മാണി.

ഇതിനിടെ പി.ജെ ജോസഫ് തുടര്‍ച്ചയായി തങ്ങള്‍ക്കെതിരെ നീങ്ങിയിട്ടും യു.ഡി.എഫ് നേതൃത്വം അനുനയിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന വിലയിരുത്തലില്‍ ജോസ് കെ. മാണി പക്ഷം.