Kerala

തങ്ങള്‍ തകര്‍ന്നടിഞ്ഞുവെന്നത് വസ്തുതാ വിരുദ്ധമാണെന്ന് പി.ജെ ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തകർന്നടിഞ്ഞുവെന്നു പറയുന്നത് വസ്തുതകൾക്ക് വിരുദ്ധമാണെന്നു പി.ജെ ജോസഫ്. 2015 ലെ തെരഞ്ഞെടുപ്പിനേക്കാൾ ജോസഫ് വിഭാഗം നേട്ടം ഉണ്ടാക്കിയെന്നും പാലാ നഗരസഭയിലും പാല മണ്ഡലത്തിലെ പഞ്ചായത്തുകളിലും ജോസ് കെ മാണി വിഭാഗം വലിയ നേട്ടമുണ്ടാക്കി എന്ന് പറയുന്നത് തെറ്റാണെന്നും കണക്കുകൾ നിരത്തി പി.ജെ ജോസഫ് പറയുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പിൽ തകർന്നു എന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാഴ്ചപ്പാടാണ്. ഇടുക്കി ഉൾപ്പെടെ മധ്യകേരളത്തിൽ നേട്ടമുണ്ടാക്കിയെന്ന് പി.ജെ ജോസഫ് കണക്കുകൾ നിരത്തുന്നു. സംസ്ഥാനത്തു ഒട്ടാകെ 290 ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ വിജയിച്ചു.

ഇതിൽ ഏഴുപേർ സ്വതന്ത്ര ചിഹ്നത്തിൽ ആണ് ജയിച്ചത്. ജോസ് കെ. മാണി വിഭാഗത്തിന് 293 സീറ്റുകൾ ആണ് ലഭിച്ചതെന്നും പി.ജെ ജോസഫ് പറയുന്നു. ഇടുക്കി ജില്ലാപഞ്ചായത്തിൽ 87 സ്ഥാനാർത്ഥികൾ ആണ് ജോസഫ് വിഭാഗത്തിൽ നിന്നു വിജയിച്ചത്. ജില്ലാപഞ്ചായത്തിൽ മത്സരിച്ച അഞ്ചിൽ നാലിടത്തും ജയിച്ചു. തൊടുപുഴ നഗരസഭയിൽ നിലവിലെ സ്ഥിതി തുടരുന്നു. 27 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന കോട്ടയം ജില്ലയിൽ 99 പേരാണ് ഇത്തവണ ജോസഫ് വിഭാഗത്തിൽ നിന്നു ജയിച്ചത്.

എറണാകുളം, പത്തനംത്തിട്ട, മലപ്പുറം, കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ജോസഫ് വിഭാഗത്തിന് പ്രതിനിധികൾ ഉണ്ടായെന്നും പിജെ പറയുന്നു. 2015 ൽ പാലാ നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ മീനച്ചിൽ, തലനാട് എലിക്കുളം, കടനാട് പഞ്ചായത്തുകൾ എൽ.ഡി.എഫ് ആണ് ഭരിച്ചത്. അവ നിലനിർത്തിയത് കൂടാതെ കരൂർ പഞ്ചായത്ത് മാത്രമാണ് ഇത്തവണ കൂടുതൽ ലഭിച്ചത്. മറ്റു പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം പിടിച്ചു. കണക്കുകൾ ഇങ്ങനെയെങ്കിൽ ജോസ് കെ മണി ഇടതുമുന്നണിയിൽ എത്തിയതോടെ എങ്ങനെയാണ് പാലായിൽ നേട്ടം ഉണ്ടായതെന്നും പി.ജെ ജോസഫ് ചോദിച്ചു.