Kerala

മന്ത്രി ജലീല്‍ മാറിനില്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതൽ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെ എന്‍.ഐ.എ വിളിപ്പിച്ചു, എന്നാല്‍ എന്തിനാണ് വിളിപ്പിച്ചത് എന്നറിയില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പേരിൽ ജലീല്‍ മാറിനില്‍ക്കേണ്ടതില്ല. കേസുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടാവാന്‍ ഇടയില്ല. ഇതില്‍ രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്നമുദിക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായതിനാലാണ് ഖുർആന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും പരാതി നല്‍കിയത് മനസ്സിലാക്കാം, എന്നാൽ ലീഗ് നേതാക്കള്‍ ഖുർആന്‍റെ കാര്യത്തില്‍ എന്തിനാണ് പരാതി നല്‍കിയതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോലീബി സംഖ്യം വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കോണ്‍സുലേറ്റുമായി ജലീല്‍ ബന്ധപ്പെട്ടിട്ടില്ല, ജലീലിനെ കോണ്‍സുലേറ്റ് ബന്ധപ്പെടുകയാണ് ചെയ്തത്. മടിയില്‍ കനമില്ലാത്തതിനാണ് നേരെപോയി ഹാജരായത്. അന്വേഷണത്തിന്റെ അവസാനം കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.