രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനിയമ്മയായിരുന്നു.(Pinarayi Vijayan about Karthiyaniyamma)
നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു.
പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു.
കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.