എറണാകുളം പെരുമ്പാവൂര്‍ ഒക്കല്‍ പെട്രോള്‍ പമ്പിലെ കൊലപാതകക്കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട മൊഹീബുള്ളയുടെ സഹപ്രവര്‍ത്തകന്‍ അസം സ്വദേശി പങ്കജ് മണ്ഡലാണ് പ്രതി. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഒക്കല്‍ ഐ.ഒ.സി പെട്രോള്‍ പമ്പിലെ ജോലിക്കാരനായ അസം സ്വദേശി മോഹിബുള്ള കൊല്ലപ്പെട്ട കേസിലാണ് ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. 21 വയസ്സുള്ള പങ്കജ് മണ്ഡല്‍ നെ പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ആഴ്ചകള്‍ മുമ്പാണ് മോഹിബുള്ളയും പങ്കജ് മണ്ഡലും പെട്രോള്‍ പമ്പില്‍ ജോലിക്ക് എത്തിയത്.
ഇരുവരും താമസിച്ചിരുന്ന കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നാണ് കൊലപാതകം നടന്നത്. കൊലപതകത്തിന് ശേഷം പ്രതി മുറി പൂട്ടി രക്ഷപെട്ടു. ദിവസങ്ങള്‍ക്ക് ശേഷം ദുര്‍ഗന്ധത്തെ തുടര്‍ന്ന് പോലീസ് എത്തി മുറി തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവസമയത്ത് ഇരുവര്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് അന്വേഷണം വഴിമുട്ടിച്ചു. ഒരു മാസം മുമ്പാണ് പെരുമ്പാവൂരിന് സമീപത്തുള്ള മാറമ്പിള്ളിയില്‍ പ്രതി ജോലിക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച ചില സൂചനകളാണ് അറസ്റ്റിന് സഹായിച്ചത്.