India Kerala

അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവരിക.ഹൈകോടതി നിർദ്ദേശത്തെ തുടർന്നാണ് അലന് പരീക്ഷ എഴുതാൻ സാഹചര്യമൊരുങ്ങിയത്.

രാവിലെ ഏഴ് മണിയോടെ തൃശൂർ അതിസുരക്ഷ ജയിലിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എൻ.ഐ.എ ഉദ്യോഗസ്ഥനും ഇവർക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂർ നീളുന്ന പരീക്ഷക്ക് ശേഷം അലനെ തൃശൂരിലേക്ക് തന്നെ തിരികെ കൊണ്ടു പോകും.പരീക്ഷ എഴുതാൻ അനുമതി തേടി കഴിഞ്ഞ ദിവസം അലൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് പരീക്ഷ എഴുതുന്നതിൽ സാങ്കേതിക തടസമുണ്ടോയെന്ന് കോടതി കണ്ണൂർ സർവകലാശാലയോട് ആരാഞ്ഞു. കോടതിയുടെ അനുമതിയുണ്ടെങ്കിൽ മറ്റ് തടസങ്ങളില്ലെന്ന് സർവകലാശാല മറുപടി നൽകി. തുടർന്നാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകി വൈസ് ചാൻസിലർ ഉത്തരവിറക്കിയത്. എന്നാൽ നിയമ പഠന വിഭാഗം മേധാവി ഹാജർ സർട്ടിഫിക്കറ്റ് നൽകിയ ശേഷം മാത്രമാകും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക. ഇന്ന് മുതൽ ഈ മാസം 28 വരെ പാലയാട് ക്യംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയാണ് പരീക്ഷ.