India Kerala

കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിന് നേരെ ആക്രമണം; നാളെ ഹര്‍ത്താല്‍

തൃശ്ശൂര്‍ കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.കെ അഫ്‌സലിന് നേരെ മര്‍ദ്ദനം. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ അഫ്‌സലിനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കൊപ്രക്കളത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലിരിക്കുകയായിരുന്ന അഫ്‌സലിനെ ഹോട്ടലില്‍ നിന്നും എത്തിയ ഹോട്ടലുടമയുടെ ബന്ധുവാണ് ആക്രമിച്ചത്.

ബൈക്കില്‍ നിന്നും അഫ്‌സലിനെ ചവിട്ടിവീഴ്ത്തിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിനുശേഷം അക്രമി ഹോട്ടലിന്റെ അടുക്കളവാതില്‍ വഴി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അഫ്‌സലിനെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്. അതെസമയം അക്രമം നടത്തിയ ആള്‍ മാനസിക ആസ്വാസ്ത്യമുള്ളയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കയ്പമംഗലം പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 മണിവരെയാണ് ഹർത്താൽ.