Kerala

പൂരം കൊഴുക്കും;തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി

തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കി കേന്ദ്ര ഏജന്‍സിയായ പെസോ. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതല്ലാതെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിനായി ഉപയോഗിക്കരുത്. സാമ്പിള്‍ വെടിക്കെട്ട് മെയ് 8നാണ് നടക്കുക. മെയ് 11ന് പുലര്‍ച്ചെയാകും പൂരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടക്കുക.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിപുലമായി തൃശൂര്‍ പൂരം നടത്താന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയതുപോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണ തോതില്‍ പൂരം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതില്‍ പൂരപ്രേമികള്‍ നിരാശരായിരുന്നു. കഴിഞ്ഞ വര്‍ഷം ആഷോഘങ്ങളില്ലാതെ പൂരം ചടങ്ങുകള്‍ മാത്രമായാണ് നടത്തിയിരുന്നത്.