Kerala

കോവിഡ് 19: പത്തനംതിട്ടയിൽ ഏറ്റവും ഒടുവിൽ ലഭിച്ച കോവിഡ് 19 സംശയിച്ചിരുന്ന 9 പേരുടെ ഫലം നെഗറ്റീവ്

29 ആളുകൾ ആശുപത്രികളിലും 1250 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ടയിൽ ഏറ്റവും ഒടുവിൽ ലഭിച്ച കോവിഡ് 19 സംശയിച്ചിരുന്ന 9 പേരുടെ ഫലം നെഗറ്റീവ്. ഇതുവരെ അയച്ച സാമ്പിളുകളിൽ 40 എണ്ണം നെഗറ്റീവുകളാണ്. 29 ആളുകൾ ആശുപത്രികളിലും 1250 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ 22 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആറ് പേരും സ്വകാര്യ ആശുപത്രിയായ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുമുൾപ്പെടെ 29 ആളുകളാണ് നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇത് വരെ കോവിഡ് 19 സംശയിച്ച 94 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതിൽ 40 എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. 40 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ഇനിയും ലഭിക്കാനുണ്ട്. നെഗറ്റീവ് പരിശോധനാഫലം ലഭിച്ച 22 പേരെ ഇതുവരെ ആശുപത്രികളിൽ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.

ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 4000ത്തിലധികം അയ്യപ്പ ഭക്തന്മാരെ പരിശോധനകൾക്ക് വിധേയമാക്കി. ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ പമ്പയിൽ വിന്യസിച്ചിട്ടുണ്ട്. ഫെബ്രുവരി 25 മുതൽ വിദേശത്ത് നിന്നും ജില്ലയിലേക്കെത്തിയ 726 പേരുടെ പടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.