Kerala

കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റ് മാര്‍ഗങ്ങള്‍ വഴി വരാന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം.

ട്രെയിന്‍ വഴി സംസ്ഥാനത്ത് എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കി. മറ്റ് മാര്‍ഗങ്ങള്‍ വഴി വരാന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം. പാസില്ലാതെ വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റൈന് പോകേണ്ടി വരും.

റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിന് വേണ്ടി കോവിഡ്19 ജാഗ്രത പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. ഇതിനകം ഏത് മാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽ മാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.

ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ ‘കോവിഡ്19 ജാഗ്രത’ വഴി രേഖപ്പെടുത്തണം. കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർ നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിനിൽ പ്രവേശിക്കണം. ഹോം ക്വാറൻറയിൻ പാലിക്കാത്തവരെ നിർബന്ധമായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ മാറ്റും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ തുടർപരിശോധന നടത്തും.

റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറൻയിൻ സ്വീകരിക്കുകയും വേണം. റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.

കോവിഡ്19 ജാഗ്രത പോർട്ടലിൽ https://covid19jagratha.kerala.nic.in പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ നിർബന്ധമായും 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറയിനിൽ പോകേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു.

എവിടെയും രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും ആളുകള്‍ എത്തുന്നത് ക്വാറന്‍റൈന്‍ ചെയ്യുന്നതടക്കമുളള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. ഈ സാചര്യത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എസി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദദ്ധര്‍ പറയുന്നു.

കേരളത്തിലേക്ക് ആദ്യ ട്രെയിൻ നാളെ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തുമാണ് സ്റ്റോപ്പുള്ളത്. കേരളത്തിന് പുറത്ത് മംഗലാപുരം, മഡ്ഗാവ്‌, പൻവേൽ, വഡോദര, കോട്ട എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

കേരളത്തിലേക്ക് ആഴ്ചയിൽ മൂന്ന് ട്രെയിനുകളാണുള്ളത്. ആദ്യത്തെ ഡൽഹി – തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55ന് ആരംഭിക്കും. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ ഈ സർവീസ് ഉണ്ടാകും. തിരുവനന്തപുരം – ഡൽഹി സർവീസ് വെള്ളിയാഴ്ച വൈകീട്ട് 7.45നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈ സർവീസ് തുടരും. ഡൽഹി – തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 2930 രൂപയും തിരുവനന്തപുരം – ഡൽഹി ട്രെയിനിന്‍റെ ടിക്കറ്റ് നിരക്ക് 2890 രൂപയുമാണ്.