Kerala

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷത്തിന്റെ യുവ എം.എൽ.എമാർ; പ്രതിഷേധം കനക്കും

ഇന്ന് യുഡിഎഫിന്റെ യുവ എം.എൽ.എമാർ നിയമസഭയിലെത്തുന്നത് കറുപ്പണിഞ്ഞ്. കറുത്ത ഷർട്ടും മാസ്കും ധരിച്ചാവും യുവ എം.എൽ.എമാർ എത്തുക. മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുന്നത്.

വിമാനത്തിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും അറസ്റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതുപക്ഷത്തിന്റെ ശ്രമം. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകർ ജീവനക്കാരൻ അഗസ്റ്റിനെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ രാഹുൽഗാന്ധിക്ക് സമർപ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാർ മാതൃകയിൽ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോൾ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്നും കോൺ​ഗ്രസ്ചൂണ്ടിക്കാട്ടുന്നു.

വയനാട് നടന്ന വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച സംഭവം ഇടതുപക്ഷം ചർച്ചയാക്കിയേക്കും. രാഹുൽ ​​ഗാന്ധിയുടെ ഓഫീസിൽ ആക്രമണം നടന്ന ശേഷം ഓൺലൈനിൽ വന്ന ദൃശ്യങ്ങളിലെല്ലാം ​ഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് വിഡി സതീശൻ പൊട്ടിത്തെറിച്ചത്.

‘ ഇതുപോലുള്ള സാധനങ്ങൾ കൈയ്യിൽ വെച്ചാൽമതി. ഇത്തരം ചോദ്യങ്ങൾ പിണറായി വിജയനോട് പോയി ചോദിച്ചാൽ മതി. എന്നോട് ചോദിക്കേണ്ട. അസംബന്ധം കാണിച്ചിട്ട് ചാനലുകളും പത്രങ്ങളും വഴി കലാപത്തിന് ആഹ്വാനം നൽകുന്നോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കിൽ ഞാൻ പുറത്തിറക്കിവിടും’. ഇങ്ങനെ രൂക്ഷമായ ഭാഷയിലാണ് വി‍ഡി സതീശൻ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ചത്.