Kerala

‘പ്രതിഷേധം നികുതി ഭീകരതയ്‌ക്കെതിരെ’ : വി.ഡി സതീശൻ

കോൺഗ്രസിന്റെ പ്രതിഷേധം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ( opposition cycle rally protest )

‘വളരെ ഗൗരവത്തോടുകൂടി നോക്കിക്കാണേണ്ട വിഷയമാണ് ഇത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ രാജ്യത്തെ ജനങ്ങൽ ബുദ്ധിമുട്ടുന്ന സമയത്ത് ഇരു സർക്കാരുകളും നടത്തുന്ന നികുതി ഭീകരതയ്‌ക്കെതിരാണ് കോൺഗ്രസിന്റെ പ്രതിഷേധം. ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം’- വി.ഡി സതീശൻ പറയുന്നു.

നാമമാത്രമായ കുറവാണ് കേന്ദ്രസർക്കാർ ഇന്ധന വിലയിൽ വരുത്തിയത്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങൾ ഇന്ധന വില കുറച്ചു. എന്നിട്ടും കേരളം കുറച്ചില്ല. തോമസ് ഐസക്ക് പറഞ്ഞത് കേന്ദ്രം വില കുറച്ചാൽ സംസ്ഥാനവും വില കുറയ്ക്കുമെന്നാണ്. പക്ഷേ, കേരളം ഇപ്പോഴും വില കുറയ്ക്കാൻ തയാറാകുന്നില്ലെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ധനവിലയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി എംഎൽഎ ഹോസ്റ്റലിൽ നിന്ന് സൈക്കിൾ ചവിട്ടിയാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. മുൻപും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയിൽ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സർക്കാർ നിലപാട്.

സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുക.

സംസ്ഥാനം നികുതി കുറയ്ക്കുന്നതിലൂടെ ഇന്ധന വിലയിൽ ഏഴ് രൂപയോളം വ്യത്യാസം വരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിഗമനം.