Kerala

വണ്‍ഡേ പാസ് സംവിധാനം ഇടുക്കിയില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം

വണ്‍ഡേ പാസില്‍ എത്തിയ പലരും ജില്ല വിട്ട് പോയില്ല. ആയിരക്കണക്കിന് ആളുകളാണ് വണ്‍ഡേ പാസിലൂടെയും സമാന്തര പാതകൾ വഴിയും തോട്ടം മേഖലയില്‍ എത്തിയത്

തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ വണ്‍ഡേ പാസ് സംവിധാനം ഇടുക്കിയില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം. വണ്‍ഡേ പാസില്‍ എത്തിയ പലരും ജില്ല വിട്ട് പോയില്ല. ആയിരക്കണക്കിന് ആളുകളാണ് വണ്‍ഡേ പാസിലൂടെയും സമാന്തര പാതകൾ വഴിയും തോട്ടം മേഖലയില്‍ എത്തിയത്.

ഇടുക്കി ജില്ലയിലെ തോട്ടം, കാര്‍ഷിക മേഖലകളില്‍ കോവിഡ് വ്യാപനത്തിന്‍റെ പ്രധാന കാരണം വണ്‍ഡേ പാസ് സംവിധാനമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. യാതോരു പരിശോധനയുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിലേയ്ക്ക് ഇത്തരത്തില്‍ എത്തിയത്. ഇവരില്‍ പലരും മടങ്ങി പോയതുമില്ല. ലോക് ഡൗണിന് ശേഷം ഇടുക്കിയിലെ അതിര്‍ത്തി മേഖലയിലെ കര്‍ശന പരിശോധനയും ഇല്ലാതായി. ഇതോടെ തേവാരംമെട്ട്, ചതുരംഗപ്പാറ, മന്തിപ്പാറ, രാമക്കല്‍മേട്, തുടങ്ങിയ സമാന്തരപാതകളിലൂടെ നിരവധിയാളുകള്‍ ജില്ലയിലേയ്ക്ക് എത്തി. അതിര്‍ത്തി മേഖലയിലെ താത്കാലിക ചെക്ക് പോസ്റ്റുകള്‍ നിലവില്‍ പരിശോധനയില്ല.

കമ്പം, ബോഡി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കര്‍ഷക സംഘടനകളുടെ ആളുകളെ വ്യാപകമായി ജില്ലയിലേയ്ക്ക് കടത്തി വിടുന്നതായും ആരോപണം ഉണ്ട്. വണ്‍ഡേ പാസിലും അതിര്‍ത്തിയിലൂടെ അനധികൃതമായി എത്തുന്നവരും തൊട്ടടുത്ത ദിവസം തന്നെ തോട്ടം ജോലികള്‍ക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്. ജില്ലയിലെ ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ക്ക് വഴി തെളിച്ചത് ഈ സാഹചര്യമാണെന്നാണ് ആരോപണം. നിലവില്‍ രാജാക്കാട് മേഖലയിലാണ് കൂടതലയി ഉറവിടം അറിയാത്ത കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് തോട്ടം മേഖലകളിലും ഇതേ സാഹചര്യം നിലനില്‍ക്കുന്നുണ്ടോ എന്ന ആശങ്കയാണ് നിലവിലുള്ളത്.