India Kerala

കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം: സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക

കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയര്‍ന്നേക്കും. നിലവില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ ‍ ഇന്ത്യന്‍ വകഭേദം വന്ന വൈറസാണ് കൂടുതല്‍ അപകടകാരിയായി വിലയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കണ്ടെത്തിയ മൂന്ന് വകഭേദങ്ങളും രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നവയാണ്. എന്നാല്‍ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളെക്കാള്‍ തീവ്രത ഇന്ത്യന്‍ വകഭേദം വന്ന വൈറസിനാണ്. ഇന്ത്യന്‍ വകഭേദം വന്നവരില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജനിതകമാറ്റം വന്ന വൈറസിനെയും വാക്സിന്‍ പ്രതിരോധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

രോഗവ്യാപനം ഉയരുന്നതിനൊപ്പം മരണനിരക്കും കൂടുമെന്നതാണ് ആശങ്ക. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയില്ലെങ്കില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരും. അങ്ങനെ വന്നാല്‍ ആരോഗ്യമേഖലക്ക് താങ്ങാന്‍ കഴിയില്ല. അതിനാല്‍ വാക്സിൻ സ്വീകരിച്ചവരും കോവിഡ് മാർഗനിർദേശം കൃത്യമായി പാലിക്കേണ്ടി വരും.സംസ്ഥാനത്ത് ഇന്നലെ 2,22,000 ഡോസ് വാക്സിന്‍ കൂടി എത്തി. അതേസമയം പ്രതിദിന കേസുകള്‍ 32,000ത്തിന് മുകളിലെത്തിയതോടെ സംസ്ഥാനത്ത് ആശങ്ക കടുക്കുകയാണ്.