തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാര്‍ത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്
എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ മലബാറിലെ അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്ക് ഈ വർഷവും ഉപരി പഠനത്തിന് സൗകര്യമില്ല.തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്. കോവിഡായതിനാൽ പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള സാധ്യതകളും കുറവാണ്.
കേരള രൂപീകരണം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്‍ത്ഥികൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ വർഷമെങ്കിലും അധിക സീറ്റ് നൽകണമെന്നാണ് വിദ്യാത്ഥികളുടെ ആവശ്യം.
കഴിഞ്ഞ അധ്യയന വർഷത്തിൽ 60547 വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കുട്ടികളാണ് ഏറ്റവും കൂടുതൽ പഠിന്നുന്നത്. മലപ്പുറത്ത് മാത്രം 22650 വിദ്യാര്‍ത്ഥികൾ സ്കോൾ കേരള വഴി പഠനം നടത്തുന്നുണ്ട്. തൃശൂർ മുതൽ തിരുവനന്തപുരം വരെ ഉള്ള ജില്ലകളിലായി 14751 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. തെക്കൻ കേരളത്തിലെ ഇടുക്കിയിൽ 700 വിദ്യാര്‍ത്ഥികളും കോട്ടയത്ത് 900 വിദ്യാത്ഥികളും മാത്രവുമാണ് ഉള്ളത്. എന്നാൽ പാലക്കാട് ജില്ലയിൽ 8988 കുട്ടികളും കോഴിക്കോട് 7453 വിദ്യാര്‍ ത്ഥികളും സ്കോൾ കേരളയിലാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വിദ്യാര്‍ത്ഥികൾ ഈ വർഷം പുറത്താക്കപെടാനാണ് സാധ്യത. പുതിയ ബാച്ചുകൾ തുടങ്ങുകയും പ്ലസ് ടു ഇല്ലാത്ത സ്കൂളുകളിൽ കോഴ്സ് അനുവദിക്കുകയും ചെയ്താൽ മാത്രമെ പ്രതിസന്ധി മറികടക്കാൻ കഴിയൂ.