Kerala

കേരളത്തിലെ 873 പൊലീസുകാർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു

പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഐഎ. കേരള പൊലീസിലെ 873 ഉദ്യോ​ഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐ ബന്ധമുള്ള ഉദ്യോ​ഗസ്ഥരുടെ പേരുവിവരങ്ങളും എൻഐഎ ഡിജിപിക്ക് കൈമാറി.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എൻഐഎ നടത്തിവരുന്ന വിവരശേഖരണത്തിന്റെ ഭാ​ഗമായാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ വിവരങ്ങളും പട്ടികപ്പെടുത്തിയത്. വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് എൻഐഎ വിവരശേഖരണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വാധീനം പോപ്പുലർ ഫ്രണ്ടിന് നിരവധി ഉദ്യോ​ഗസ്ഥർ വഴി കേരള പൊലീസിൽ ഉണ്ടായിരുന്നെന്നാണ് എൻഐഎ പറയുന്നത്.

പോപ്പുലർ ഫ്രണ്ടിനോട് അടുത്ത് ബന്ധമുള്ള 873 ഉദ്യോ​ഗസ്ഥർ സംഘടനയ്ക്ക് എന്തൊക്കെ സഹായങ്ങളാണ് നൽകിയതെന്നത് സംബന്ധിച്ച ചില സൂചനകൾ ഉൾപ്പെടെ റിപ്പോർട്ടായി എൻഐഎ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാണ് ഡിജിപിയോട് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.