Kerala

പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതിന് അനുസൃതമായി മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വിഫ്റ്റ് ബസുകള്‍ക്കുണ്ടായ അപകടം ഗൗരവമുള്ളതല്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്തമാസം ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തീരുമാനിക്കാനുള്ള കമ്മീഷനെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ജനുവരിയില്‍ നിന്ന് ഏപ്രിലിലെത്തുമ്പോള്‍ 60 കോടി രൂപയുടെ അധിക ചെലവാണ് പ്രതിമാസം കെ.എസ്.ആര്‍ടിസിക്കുള്ളത്. ധനവകുപ്പിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ശമ്പളം നല്‍കും.

സാധാരണ അപകടങ്ങളാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനുണ്ടായത്. മാധ്യമങ്ങള്‍ പെരുപ്പിച്ചതുകൊണ്ട് ദുരൂഹതയുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. മാനന്തവാടി ആര്‍ടിഒ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല റിപ്പോര്‍ട്ട് ലഭിച്ചെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.