Kerala

പ്രശസ്ത കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. പൂജപ്പുര ചാടിയറ, നെല്ലിയോട് മനയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്ന അദ്ദേഹത്തിന് തിങ്കളാഴ്ച്ച രാത്രിയോടെ അസ്വസ്ഥതയുണ്ടാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. കഥകളിയിലെ താടി വേഷത്തിന്‍റെ കുലഗുരുവായി അറിയപ്പെടുന്ന പ്രതിഭയാണ് ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി. പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു. 2013 ൽ കേരള സര്‍ക്കാരിന്റെ കഥകളി പുരസ്‌കാരം നേടി. 2018ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു.

1940 ഫെബ്രുവരി 5ന് വിഷ്ണുനാരായണൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിൻ്റെയും മകനായാണ് ജനനം.കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ദീർഘകാലം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കഥകളി അരങ്ങുകളെ സാർത്ഥകമാക്കിയ നടനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരി.ചുവന്നതാടി, വട്ടമുടി, പെൺകരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിൽ ഏറെ മികവ് പുലര്‍ത്തി.