കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ അടിവസ്ത്രം അഴിപ്പിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് രംഗത്ത്. നീറ്റ് പരിശോധനയ്ക്ക് ചില നിബന്ധനകളുണ്ടെന്നും അതിനോട് പ്രതികൂലമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ സമരങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരം അനാവശ്യമാണെന്നായിരുന്നു വി.ഒ സാജന്റെ പ്രതികരണം.
അതേസമയം, അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ പുതിയ ആരോപണവുമായി രംഗത്തെത്തി. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാൻഡിൽ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം.
കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാരാണ് നിർദേശിച്ചത്. ഏജൻസി ജീവനക്കാരുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വസ്ത്രം മാറാൻ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് റിമാൻഡിൽ ആയ പ്രതികൾ പറയുന്നു. നീറ്റ് പരീക്ഷാവിവാദത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് വിവരം. തുടരന്വേഷണത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൊലീസ് നിയമപദേശം തേടും. അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപും പൊലീസ് നിയമോപദേശം തേടിയിരുന്നു.
നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് കോളജ് ജീവനക്കാരും മൂന്ന് സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവര്‍ മാര്‍ത്തോമ കോളജിലെ ശുചീകരണ ജീവനക്കാരും ഗീതു, ജോത്സന, ബീന എന്നിവര്‍ സ്റ്റാര്‍ സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ്.
ഒപ്പം ആയൂര്‍ കോളജിനകത്ത് കയറി കെട്ടിടത്തിന്റെ ജനലുകള്‍ അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ എബിവിപി നേതാവിനെയും കടയ്ക്കല്‍ കോടതി റിമാന്‍ഡ് ചെയ്തു. എബിവിപി കൊല്ലം സംഘടനാ സെക്രട്ടറി കെ.എം.വിഷ്ണുവാണ് റിമാന്‍ഡിലായത്. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്നലെ കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.