Kerala

രാജ്യത്തെ കൊവിഡ് കേസുകൾ 24 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 67,000ന് അടുത്ത് പോസിറ്റീവ് കേസുകൾ

രാജ്യത്തെ കൊവിഡ് കേസുകൾ 24 ലക്ഷത്തിലേക്ക്. ആകെ മരണങ്ങൾ 47,000 കടന്നു. 24 മണിക്കൂറിനിടെ 67,000ന് അടുത്ത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 70.76 ശതമാനമായി ഉയർന്നത് ആശ്വാസമായി. പ്രതിദിന പരിശോധനകളുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു.

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് പ്രതിദിന കേസുകളാണ്. 66,999 പേർക്ക് രോഗം സ്ഥിരീകരിച്ചു. 942 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 2,396,637ഉം, ആകെ മരണം 47,033ഉം ആയി. മഹാരാഷ്ട്രയിൽ പ്രതിദിനം 12,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. 381 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും, മൂന്ന് ഉദ്യോഗസ്ഥർ മരിച്ചെന്നും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ആന്ധ്രയിൽ കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു. കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

ഡൽഹിയിൽ രോഗമുക്തി നിരക്ക് 89.83 ശതമാനമായി ഉയർന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 56,383 പേർ രോഗമുക്തരായി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെയായി തുടരുകയാണ്. പ്രതിദിന പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. ഇന്നലെ 830,391 കൊവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്.