Kerala

മുട്ടില്‍ മരംമുറിക്കല്‍ കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍

മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തില്‍. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയേക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ ബത്തേരി ഡിെൈവസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലമാറ്റിയത്. സ്ഥലംമാറ്റിയെങ്കിലും കേസിന്റെ അന്വേഷണ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. പിടികൂടിയ എട്ട് തടികളുടെ സാമ്പിള്‍ ശേഖരണം, വനം-റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കല്‍ തുടങ്ങിയ നടപടികള്‍ ബാക്കിനില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. പുതിയ ഡിവൈഎസ്പിക്ക് ഇതുവരെ അന്വേഷണ ചുമതല നല്‍കിയിട്ടുമില്ല.

അതേസമയം കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ റിമാന്‍ഡ് കാലാവധി അറുപത് ദിവസം പിന്നിട്ടു. 10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ 60 ദിവസത്തിനകം കുറ്റപുത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതീിനാല്‍ സെക്ഷന്‍ 167 പ്രകാരം പ്രതികള്‍ ജാമ്യത്തിനായി ബത്തേരി കോടതിയെ സമീപിച്ചേക്കും.

മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്.