Kerala

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; വീടുകളില്‍ വെള്ളം കയറി; പ്രതിഷേധവുമായി നാട്ടുകാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രതിഷേധം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. തീരത്തുള്ള വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.https://e83026933c79af1ab9d6d2c409e7bb66.safeframe.googlesyndication.com/safeframe/1-0-38/html/container.html

8000ത്തില്‍ അധികം ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുകുന്നത്. ഈ വര്‍ഷം പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടില്ല. 1,867 ഘനയടി വെള്ളം മാത്രമാണ് നിലവില്‍ കൊണ്ടുപോകുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വീടുകള്‍ വെള്ളം കയറിത്തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഷട്ടറുകള്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന കേരളത്തിന്റെ നിരന്തരം ആവശ്യം അവഗണിച്ചാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.