Kerala National

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു. 60വയസിന് താഴെയുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ) സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ പാഴായി പോകാന്‍ കാരണം. അതിനിടെ, എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.

ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്തതെന്ന കേന്ദ്രത്തിന്റെ പ്രശംസ നേടിയ സംസ്ഥാനത്താണ് 60 ശതമാനത്തോളം വാക്‌സിന്‍ പാഴായി പോകുന്നത്. 60വയസിന് താഴെയുള്ളവര്‍ കൂട്ടമായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കരുതല്‍ ഡോസിനായി എത്താറുണ്ടെങ്കിലും ഇക്കൂട്ടര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി കരുതല്‍ ഡോസ് സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ വിതരണത്തിന് തടസമാകുന്നത്. 10 പേരില്ലാത്തതിനാല്‍ ഒരു വയല്‍ പൊട്ടിച്ചാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് എടുത്ത ശേഷം വാക്‌സിന്‍ കളയേണ്ട സ്ഥിതിയാണ്. ഇതിനിടെയാണ് വാക്‌സിന്‍ വേസ്റ്റേജ് കുറയ്ക്കുന്നതിനും ആവശ്യക്കാര്‍ ലഭ്യമാക്കുന്നതിനുമായി എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചത്.

നിലവില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും മുന്നണിപോരാളികള്‍ക്കും കരുതല്‍ ഡോസും 12വയസിന് മുകളിലുള്ളവര്‍ക്ക് ആദ്യ രണ്ട് ഡോസുമാണ് ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിലുള്ള ഒന്നോ രണ്ടോ പേര്‍ വാക്‌സിനെടുക്കാന്‍ എത്തിക്കഴിഞ്ഞാല്‍ 10 പേരാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍ വാക്‌സിനെടുക്കാന്‍ എത്തുന്നവര്‍ പോകാന്‍ തിടുക്കം കാണിക്കുന്നതോടെ പാഴായാലും വാക്‌സിന്‍ നല്‍കും.

ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലെ വാക്‌സിന്‍ സ്റ്റോക്ക് ഇപ്രകാരമാണ്, കൊര്‍ബീവാക്‌സ് 10ലക്ഷം, കൊവീഷീല്‍ഡ് 14 ലക്ഷം, കൊവാക്‌സിന്‍ 3 ലക്ഷം. വാക്‌സിന്‍ പാഴായി പോകുന്നത് ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.