Kerala

‘മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ’; ജലപീരങ്കിയുൾപ്പെടെ വിന്യസിച്ച് തൃശൂർ പൊലീസ്

കൊച്ചിയിൽ നിന്നും തൃശൂരിലെത്തുന്ന മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ. തൃശൂരിലെ രാമനിലത്തിലാണ് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ജലപീരങ്കി സംവിധാനം ഉൾപ്പെടെയുള്ളവ വിന്യസിച്ചിട്ടുണ്ട്.

ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി എത്തുന്നത് തൃശൂർ രാമനിലയത്തിലാണ്. നാൽപ്പതംഗ കമാൻഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്. കൂടാതെ ഇന്നുരാത്രി മുഖ്യമന്ത്രി തങ്ങുന്നത് രാമനിലയത്തിയം ഗസ്റ്റ് ഹൗസിലാണ്. അതിനുശേഷം നാളെയാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് എത്തുക.

കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്നിൽ കണ്ടാണ് പൊലീസിന്‍റെ കനത്ത സുരക്ഷ. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിർദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ കറുത്ത മാസ്കിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തകരോട് മാസ്ക് മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. പൊതുവായ സർജിക്കൽ മാസ്ക് സംഘാടകർ തന്നെ വിതരണം ചെയ്യുകയായിരുന്നു. പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, സംഭവം വാ൪ത്തയായതോടെ ഈ നിർദേശം പിൻവലിച്ചു.