സ്വർണക്കടത്ത് കേസിൽ റബിൻസ് ഹമീദിന് പിന്നാലെ കൂടുതൽ പ്രതികളെ യു.എ.ഇയിൽ നിന്ന് നാടുകടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കിടയിൽ തിരക്കിട്ട കൂടിയാലോചനകളാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ മാസം 27നാണ് സ്വർണക്കടത്ത് കേസിലെ പ്രധാനിയെന്ന് എൻ.ഐ.എ കരുതുന്ന റബിൻസ് ഹമീദിനെ യു.എ.ഇ നാടുകടത്തുന്നത്. ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ വിട്ടുകിട്ടാന്‍ എൻ.ഐ.എ ഊർജിത നീക്കത്തിലാണ്. എന്നാൽ മൂന്ന് ചെക്ക് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസൽ ഫരീദിനെ വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടേക്കും.
റബിൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും വർധിച്ചു. സ്വർണക്കടത്തിന്‍റെ വ്യാപ്തി തെളിയിക്കാൻ ഫൈസൽ ഫരീദിനെയും മറ്റുള്ളവരെയും ഉടൻ വിട്ടുകിട്ടാനുള്ള നീക്കങ്ങളിലാണ് എൻ.ഐ.എ. സിദ്ദീഖുൽ അക്ബർ, അഹ്മദ് കുട്ടി ഉൾപ്പെടെ യു.എ.ഇയിലുള്ള മറ്റു പ്രതികളെ ഈ മാസം തന്നെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് എൻ.ഐ.എ പ്രതീക്ഷ.
അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ഏജൻസികൾ തമ്മിൽ തുടരുന്ന ആശയവിനിമയം സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താനാകില്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പ്രതികരിച്ചു.