ഉപതെരഞ്ഞെടുപ്പിൽ വിജയികളായെത്തിയ അഞ്ച് പേരും നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. എം.സി കമറുദ്ദീൻ കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
യു.ഡി.എഫ് പ്രതിനിധികൾ ദൈവനാമത്തിലും എൽ.ഡി.എഫ് അംഗങ്ങൾ സഗൗരവവും പ്രതിജ്ഞയെടുത്തു. കോന്നിയിൽ അട്ടിമറി ജയം നേടിയ കെ.യു.ജനീഷ് കുമാറാണ് ആദ്യമെത്തിയത്. തുടർന്ന് മഞ്ചേശ്വരത്ത് നിന്ന് എത്തിയ എം.സി ഖമറുദ്ദീൻ മലയാളത്തെ മാറ്റി നിർത്തി പ്രതിഞ്ജ ചൊല്ലി. വട്ടിയൂർക്കാവ് പിടിച്ചെടുത്ത വി. കെ പ്രശാന്ത് മുഖ്യമന്ത്രിക്ക് ഹസ്തദാനം ചെയ്ത ശേഷമെത്തി സഗൗരവത്തിൽ പ്രതിജ്ഞയെടുത്തു.
നിയമസഭക്ക് ഒന്നര വർഷം ബാക്കി നിൽക്കേ പ്രതിപക്ഷ നിരയിലേക്കെത്തിയ ഏക വനിത ഷാനിമോൾ ഉസ്മാൻ അല്ലാഹുവിന്റെ നാമത്തിൽ പ്രതിഞ്ജ ചൊല്ലി. എറണാകുളത്ത് നിന്നെത്തിയ ടി.ജെ വിനോദാണ് ഒടുവിലെത്തിയത്. സഭയിലിപ്പോൾ രണ്ട് പേരുടെ വർധനവിലൂടെ 93 അംഗങ്ങളുടെ ശക്തിയിലാണ് ഭരണപക്ഷം. രണ്ട് പേരുടെ നഷ്ടത്തിലൂടെ 45 ലേക് ചുരുങ്ങി പ്രതിപക്ഷ നിര.