Kerala

സമ്പർക്ക പട്ടിക തയാറാക്കാൻ കഴിയുന്നില്ല; കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി

കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആദ്യം വിവരങ്ങൾ നൽകിയെങ്കിലും ഇപ്പോൾ വിവരങ്ങൾ നൽകാൻ തയാറാകുന്നില്ല. നിരീക്ഷണത്തിലുള്ള മാതാപിതാക്കളും പൂർണ വിവരങ്ങൾ നൽകുന്നില്ല. കൂടുതൽ പേരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യവകുപ്പ്. ഹൈ റിസ്ക് വിഭാഗത്തിൽ രോഗിയുടെ വീട്ടിലുള്ള രണ്ട് പേരും മറ്റ് മൂന്ന് ആളുകളുമുണ്ടെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി.

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്കോ പറഞ്ഞു. കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കൊവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു.

മങ്കിപോക്‌സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നതാണ്. എല്ലാ ജില്ലകള്‍ക്കും ഗൈഡ്‌ലൈന്‍ നല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.