Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ്-ബിജെപി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം കോർപ്പറേഷനിൽ 20ലധികം വാർഡുകളിൽ യു.ഡി.എഫ് -ബി.ജെ.പി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തുള്ള വാർഡുകളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ നേരിട്ടാണ് യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുണ്ടാക്കിയത്, ഈ നീക്കങ്ങൾ എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും ആരാകും പ്രതിപക്ഷമെന്ന് പറയാനാകില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെയായിരുന്നു തിരുവനന്തപുരത്തെ പോളിങ്. 69.76 ശതമാനം പോളിങ്ങാണ് തലസ്ഥാനത്ത്​ രേഖപ്പെടുത്തിയത്​.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്.

എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.