Kerala

‘ഉമ്മൻ ചാണ്ടിയെ പോലെ തന്നെ പുതുപ്പള്ളി ചാണ്ടി ഉമ്മനെയും സ്വീകരിച്ച് കഴിഞ്ഞു’ : മറിയ ഉമ്മൻ

തെരഞ്ഞെടുപ്പ് ഫലത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ. പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് പോകാനൊരുങ്ങവെയായിരുന്നു മറിയ ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉമ്മൻ ചാണ്ടിയെ പോലെ തന്നെ പുതുപ്പള്ളിയിലെ ജനങ്ങൾ ചാണ്ടി ഉമ്മനെയും സ്വീകരിച്ച് കഴിഞ്ഞുവെന്ന് മറിയ ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളിയിൽ ഇന്ന് വിധി വരുമ്പോൾ ജയിച്ചു കയറുമോയെന്നും എത്ര ഭൂരിപക്ഷമുണ്ടാകുമെന്നുമുള്ള ചോദ്യങ്ങളെ ഒരു പുഞ്ചിരിയോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നേരിട്ടത്. എല്ലാം ഉടനേ അറിയാമല്ലോ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്റെ പ്രതികരണം.

രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തി പ്രാർത്ഥന നടത്തിയ ശേഷം ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. ശേഷം ചാണ്ടി ഉമ്മൻ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് തിരിച്ചു.

രാവിലെ 8 മണി മുതൽ ബസേലിയസ് കോളജിൽ വോട്ടെണ്ണൽ ആരംഭിക്കും. കൗണ്ടിംഗ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുണ്ട്. 1,28,535 പേരാണ് പുതുപ്പള്ളിയിൽ വിധിയെഴുതിയത്. ഇതിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 64,455 പേർ സ്ത്രീകളും 64,078 പേർ പുരുഷന്മാരും രണ്ട് പേർ ട്രൻസ്ജൻഡറുമാണ്. രാവിലെ 8.15 ഓടെ തന്നെ ആദ്യ ഫലസൂചനകൾ എത്തി തുടങ്ങും.