India Kerala

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ തീരും; സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടിയെന്ന് നഗരസഭ

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയ പരിധി നാളെ അവസാനിക്കും. എന്നാൽ സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് മരട് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയത്. ഒഴിപ്പിക്കൽ നോട്ടീസിന് 12 ഫ്ലാറ്റ് ഉടമകൾ മറുപടി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയില്ലെന്നാണ് മറുപടിയിൽ ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാതെ ആണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് എന്ന് ഫ്ലാറ്റുടമകൾ പറയുന്നു.

ഒഴിപ്പിക്കൽ നടപടിക്ക് എതിരെ നഗരസഭയ്ക്ക് മുന്നിൽ നാളെ മുതൽ ഫ്ലാറ്റുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതിന് എതിരെ സി.പി.എം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും നാളെ നടക്കും. ഉടമകൾക്ക് പിന്തുണയറിയിച്ച് നേതാക്കളുടെ സന്ദർശനം തുടരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി മരടിലെത്തും.