വയനാട് മക്കിമലയിലെത്തിയ മാവോയിസ്റ്റുകൾ തന്നെ ഭീഷണിപ്പെടുത്തിയില്ലെന്ന് റിസോർട്ട് ജീവനക്കാരൻ ജോബിൻ ജോൺ 24നോട്. മാവോയിസ്റ്റുകൾ എത്തിയത് ഇന്നലെ വൈകിട്ട് 7 മണിയോടെയാണെന്ന് ജോബിൻ ജോൺ പറഞ്ഞു. 5 പേരുടെ കയ്യിലും തോക്കുണ്ടായിരുന്നു. മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയില്ലെന്നും ജോബിൻ പ്രതികരിച്ചു.
റിസോർട്ടിലെ പാടിക്ക് സമീപമാണ് മാമോയിസ്റ്റുകൾ വന്നത്. മാധ്യമങ്ങൾക്ക് വാർത്താകുറിപ്പ് അയക്കാൻ ഫോൺ ആവശ്യപ്പെട്ടു. കമ്പമലയിലെ പ്രശ്നങ്ങളാണ് സംസാരിച്ചത്. രണ്ട് മണിക്കൂറോളം റിസോർട്ടിനടുത്ത് ഉണ്ടായിരുന്നു. അരിയും സാധനങ്ങളും ചോദിച്ചു വാങ്ങി. ഫോൺ ഉപയോഗിക്കണമെന്ന് പറഞ്ഞ് തൻ്റെ മൊബൈൽ ഫോണും വാങ്ങി. ഇതിന് ശേഷം പുഴ കടന്ന് വനത്തിലേക്ക് പോയെന്നും ജോബിൻ ജോൺ പറഞ്ഞു. ഇതിനു പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.
നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മക്കിമല. തണ്ടർബോൾട്ടും പോലീസും തോട്ടമേഖലകേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നതിനിടയാണ് മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞദിവസം എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.