Kerala

കോവിഡ് 19: തൃശൂരിൽ 2003 പേർ നിരീക്ഷണത്തിൽ

48 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൃശൂർ ജില്ലയിൽ 2003 പേർ നിരീക്ഷണത്തിൽ. 48 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

തൃശൂർ ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 2003 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1955 പേർ വീടുകളിലും 48 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ മാത്രം 8 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന 20 പേർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 24 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ ബാധിതനായ വിദേശി താമസിച്ച ചെറുതുരുത്തിയിലെ റിസോർട്ട് അടച്ചിടാൻ നിർദ്ദേശം നൽകി. വിദേശിക്കൊപ്പം ഇടപഴകിയതായി കരുതുന്ന റിസോർട്ടിലെ ജീവനക്കാരും താമസക്കാരും ഉൾപ്പെടെ 59 പേരെ നിരീക്ഷണത്തിലാക്കി.

നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ ഉത്സവങ്ങൾ, ആഘോഷങ്ങൾ, വിവാഹങ്ങൾ തുടങ്ങിയവ ലളിതമായ രീതിയിൽ നടത്തുന്നതിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ-ബസ് സ്റ്റേഷനുകളിലും തൃശൂർ റെയിൽവേ സ്റ്റേഷനിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം തുടങ്ങി. കോവിഡ് 19 നെ പ്രതിരോധിക്കാൻ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ബോധവൽക്കണം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, മുൻകരുതലുകൾ എന്നിവ അവരവരുടെ ഭാഷയിൽ അടങ്ങുന്ന ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തു.