Kerala

‘പാലാ ഇല്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച?’ മാണി സി കാപ്പന്‍

സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. അന്തിമ തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വമെടുക്കും. മുന്നണി വിടുന്ന കാര്യം നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും മാണി സി കാപ്പൻ പറഞ്ഞു.

പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. അത് അവര്‍ വെള്ളിയാഴ്ച പറയും. ദേശീയ നേതൃത്വമെടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്. പാലായുടെ വിഷയം അല്ലിത്. വിശ്വാസ്യതയുടെ വിഷയമാണ്. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് ഇടത് മുന്നണിക്ക് ഉണര്‍വുണ്ടായത്. അത് സത്യമല്ലേ? ആ സീറ്റ് തോറ്റയാള്‍ക്ക് കൊടുത്ത് ജയിച്ചയാളോട് പോകാന്‍ പറഞ്ഞാല്‍ ന്യായമാണോ?

മാണി സി കാപ്പന്‍

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്‍ എല്‍ഡിഎഫുമായി ഇടഞ്ഞതിനു പിറകേ എൻസിപി പിളരുമെന്ന് ഉറപ്പായി. ടി പി പിതാംബരനും മാണി സി കാപ്പനും ഉൾപ്പെടുന്ന വിഭാഗം യുഡിഎഫിൽ ചേരും. ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ ഇരുവരും പങ്കെടുക്കും. മന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്നവരും എല്‍ഡിഎഫില്‍ തുടരും. പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ അറിയിച്ചിരുന്നു.