മലപ്പുറം ജില്ലാ വിഭജന വിഷയത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ജില്ലാതലത്തിൽ വേണ്ടത്ര കൂടിയാലോചനകൾക്ക് ശേഷം സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിക്കാനാണ് ഡി.സി.സി തീരുമാനം. നയപരമായ വിഷയം മുന്നണിയിൽ ചർച്ചചെയ്ത് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു.
വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് കെ.എൻ.എ ഖാദർ മലപ്പുറം ജില്ലാ വിഭജനം നിയമസഭയിൽ ഉന്നയിച്ചതെന്ന് ലീഗിനകത്ത് തന്നെ വിമർശനമുണ്ട്. വിവിധ തലങ്ങളിൽ സമഗ്രമായ ചർച്ചകൾ നടത്തിയ ശേഷമേ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനം എടുക്കൂവെന്നും, വിഷയം കെ.പി.സി.സി തലത്തിൽ തന്നെ ചർച്ച ചെയ്യുമെന്നുമാണ് നേതാക്കളുടെ പ്രതികരണം. ഇക്കാര്യത്തിൽ പാർട്ടി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കുന്നു.
സംസ്ഥാന നേതൃത്വവുമായി ഇതിനകം ഡി.സി.സി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഈ മാസം അവസാനം ജില്ലാ തല ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കെപിസിസിയെ തീരുമാനം അറിയിക്കും. അതിന് ശേഷമേ, സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ നിലപാട് വ്യക്തമാക്കൂ. മലപ്പുറം ജില്ല വിഭജിക്കണമെന്നാവിശ്യപ്പെട്ടുള്ള കെ.എൻ.എ ഖാദറിന്റെ ശ്രദ്ധ ക്ഷണിക്കൽ നോട്ടിസിനെതിരെ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.