India Kerala

ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് നേട്ടം, ബി.ജെ.പിക്ക് ഒരു സീറ്റുമില്ല

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. ഫലമറിഞ്ഞ 29 വാര്‍ഡുകളില്‍ പതിനാറിടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് 11 സ്ഥലത്താണ് ജയിച്ചത്. ഒഞ്ചിയത്ത് വിജയത്തോടെ ആര്‍.എം.പി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ല.

കോഴിക്കോട് ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ ആര്‍.എം.പിയുടെ പി ശ്രീജിത്താണ് വിജയിച്ചത്. 308 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ആര്‍.എം.പി തോല്‍പിച്ചത്.

കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി കാവുമ്പായി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ രാജന്‍ 245 വോട്ടിന് വിജയിച്ചു. യു.ഡി.എഫിലെ പി മാധവനെയാണ് തോല്‍പ്പിച്ചത്.

ഉപതെരഞ്ഞെടുപ്പ് ഫലം
ഉപതെരഞ്ഞെടുപ്പ് ഫലം

കല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹനന്‍ 639 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രമോദിനെയാണ് തോല്‍പ്പിച്ചത്. കീഴല്ലൂര്‍ പഞ്ചായത്ത് എളംമ്പാറ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.കെ കാര്‍ത്തികേയന്‍ 269 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം പ്രേമരാജനെയാണ് തോല്‍പിച്ചത്.

കൊച്ചി കോര്‍പറേഷന്‍ വൈറ്റില ജനത 52 ഡിവിഷനില്‍ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. യു.ഡി.എഫ് സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബൈജു തോട്ടാളി വിജയിച്ചത് 58 വോട്ടിനാണ്.

പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എസ് വിബിന്‍ 421 വോട്ടുകള്‍ക്ക് വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശാന്തകുമാരന്‍ രണ്ടാം സ്ഥാനത്ത്. പാലക്കാട് നഗരസഭയിലെ അവിശ്വാസപ്രമേയ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരവണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

അഗളി പഞ്ചായത്ത് പാക്കുളം നാലാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. 14 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം വിജയിച്ചത്.

പാലക്കാട് ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും രണ്ടുവിധം സീറ്റുകള്‍ ലഭിച്ചു. ആകെ നാല് സീറ്റുകളില്‍ ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടിന് വിജയിച്ചു. പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.ഒ.ബാബുരാജ് ജയിച്ചു. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണനഷ്ടമായി.

ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് പ്രതിനിധി സുകുമാരിയമ്മ 102 വോട്ടുകള്‍ക്ക് വിജയിച്ചു.

ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് വിമതന്‍ ബി മെഹബൂബാണ് വിജയിച്ചത്. കായംകുളം നഗരസഭാ 12ആം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി 424 വോട്ടുകള്‍ക്ക് സുഷമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കൈനകരി പഞ്ചായത്ത് ഭജനമഠം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. 105 വോട്ടുകള്‍ക്ക് ബീന വിനോദ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.